Sunday, 13 May 2012

ഞാനും നീയും


ഞാന്‍ 

ന്തിനാണ് എന്‍റെ ഓര്‍മ്മകള്‍ക്കുമുകളില്‍
നീ വീണ്ടും മൂടുപടങ്ങള്‍ അണിയുന്നത്...?
നിന്‍റെ സ്നേഹക്കനിവിന്‍റെ ഒരിറ്റു ദാഹജലത്തിനായി
ഒരു വേഴാമ്പലാവുന്നതും ,
നിന്‍റെ പൂക്കാത്ത വസന്തത്തെ കാത്ത്
പൂമ്പാറ്റയായി അലയുന്നതും,
നിന്‍റെ നനുത്ത മഞ്ഞുസ്പര്‍ശത്തിനായി
അതിശൈത്യത്തിന്‍റെ കാറ്റിലുലയുന്നതും
നീ കാണുന്നില്ലേ...?
ഒടുവില്‍ ഓര്‍മ്മകളുടെ ഉലയൂതലില്‍
ജ്വലിച്ചും, എരിഞ്ഞടങ്ങിയും,
കരിഞ്ഞു വെണ്ണീരായും മുകളിലേക്കുയരുന്ന
ധൂളികലായി അനന്തയാത്രയുടെ വിഹായസ്സിലേക്ക്
അനുസ്യൂതം അലിഞ്ഞില്ലാതാവുന്നത്
ഞാനും, എന്‍റെ സ്വപ്നാടനങ്ങളും,
വാക്കുകളിലൊളിപ്പിച്ച ചിന്താശകലങ്ങളും മാത്രം.
പിന്നെ,
നിന്‍റെ ഓര്‍മ്മകളില്‍ വിരിയുന്ന തളിരുകള്‍ക്ക്
ഞാന്‍ ചാരവും വളവുമാകുന്നു...
വീണ്ടും മണ്ണടരുകളില്‍ ലയിച്ച്
പരിണാമത്തിന്‍റെ അവസാന കണ്ണിയുമന്വേഷിച്ച്
മണ്ണിലൂടെ അനന്തയാത്ര തുടരുന്നു.....


നീ 

 ണ്ണടരുകളില്‍ ലയിച്ചില്ലാതായ
ഓര്‍മ്മകളുടെ ശീലുകളെ
നിന്‍റെ വേരുകളിലൂടെ 
നിന്നിലേക്കുതന്നെ വലിച്ചൂറ്റിയെടുക്കുന്നതും,
ഒടുവില്‍ ഇലയായും പൂവായും
സ്വാഭാവിക പരിണാമത്തിന്‍റെ
ഉയര്‍ത്തെഴുന്നേല്‍പ്പുകളിലേക്ക്
എനിക്ക് ജീവശ്വാസമേകുന്നതും,
നീ....
ഒടുവില്‍ ശിശിരത്തിന്‍റെ ചവറ്റുകുട്ടയിലേക്ക്
ഞാനാം ഇലകള്‍ മഞ്ഞവര്‍ണ്ണങ്ങള്‍ വാരിയണിയുമ്പോള്‍,
കൊഴിഞ്ഞുപോക്കിന്‍റെ വസന്തത്തില്‍
ഞാനാം പൂവിതള്‍ കൊഴിയുമ്പോള്‍,
പുതിയ തളിരുകള്‍ക്ക് കാതോര്‍ക്കുന്നതും,
നീ അവഗണിച്ച കൊഴിഞ്ഞ ഇലകളും പൂവുകളും
നീപോലുമറിയാതെ വളമായി നിന്നിലേക്കുതന്നെ
പടര്‍ന്നു കയറുമെന്നുമറിയാതെ
ഗര്‍വ്വോടെ ഗഗനത്തിനു കീഴെ
തലയുയര്‍ത്തി നില്‍ക്കുന്നതും
നീയെന്ന പടു വൃക്ഷം.....

Friday, 11 May 2012

നന്ദി




വള്‍ ചൂടിയ അഹങ്കാരക്കുടയ്ക്കകത്തെക്ക് അരിച്ചിറങ്ങാത്ത
പ്രകാശച്ചീളുകള്‍ക്ക്...
പ്രണയത്തിന്‍റെ ഇതളുകള്‍ കൊഴിച്ച് കടന്നുപോയ
വസന്തത്തിന്....
അവളുടെ ശരീരത്തില്‍നിന്നും ഒരിലയെപ്പോലെ എന്നെ അടര്‍ത്തിയ
ശിശിരത്തിന്....
എന്‍റെ കണ്ണിലെ കണ്ണുനീര്‍ അവളില്‍നിന്നും മറച്ച
വര്‍ഷത്തിന്‍റെ മഴത്തുള്ളികള്‍ക്ക്....
എന്നോടുള്ള അവളുടെ പ്രണയത്തെ വറ്റിച്ച് മാഞ്ഞുപോയ
വേനലിന്‍റെ കൊടുംച്ചൂടിന്....
എന്‍റെ ഹൃദയത്തില്‍ അവള്‍ തീര്‍ത്ത
ഉണങ്ങാത്ത മുറിവുകളെ ഉണക്കിയ
പേരറിയാത്ത ഓരോ കാലത്തിനും......നന്ദി  

Thursday, 10 May 2012

നിഴലുകള്‍



ന്‍റെ നിറം വെളുപ്പായത്  കൊണ്ടാണ് അവള്‍ ഏറെ അഹങ്കരിച്ചത്.
അവന്‍റെ നിറം കറുപ്പായതില്‍ അവന്‍ പരിഭവിച്ചു.
പക്ഷെ, ഇരുട്ടില്‍ വളരുന്ന ഇരുവരുടെയും നിഴലുകള്‍ക്ക്,
കാറ്റിന്‍റെ ആവേശം ഉള്‍കൊണ്ട് പരസ്പരം പുണരുന്ന
വന്‍മരങ്ങളുടെ നിഴലുകള്‍ പോലെ ഒരേ നിറമായിരുന്നു...

ഋതുക്കള്‍




നിന്‍റെ പുഞ്ചിരികളിലായിരുന്നു എന്‍റെ വസന്തത്തിന്‍റെ പൂമൊട്ടുകള്‍ ശലഭത്തെ കാത്തിരുന്നത്.
നിന്‍റെ കളികൊഞ്ചലുകളിലായിരുന്നു എന്‍റെ കാതുകള്‍
മഴയുടെ സംഗീതത്തെ തിരഞ്ഞലഞ്ഞത്.
നിന്‍റെ ചുടുച്ചുംബനങ്ങളായിരുന്നു എന്നെ നിന്‍റെ
വേനലിന്‍റെ താഴ്വരകളിലേക്ക് ക്ഷണിച്ചത്.
നിന്‍റെ വിടപറയലുകളിലായിരുന്നു ശിശിരത്തിന്‍റെ
അവസാനത്തെ ഇലയും എന്‍റെ തലയിലൂടെ ഊര്‍ന്നുവീണത്.
നിന്നെക്കുറിച്ചുള്ള ഓര്‍മകളായിരുന്നു ശൈത്യത്തിന്‍റെ
ഹിമകണം എന്നില്‍ അടര്‍ത്തിയിട്ടത്.
ഒടുവില്‍ നീ പിരിഞ്ഞപ്പോള്‍ എനിക്ക്
എല്ലാ ഋതുക്കളും  നഷ്ടമായി.
നീ ഇല്ലെങ്കില്‍ എനിക്ക് എല്ലാ കാലവും അന്യം.

നിഷ്കളങ്കന്‍


നീയും ഞാനും മാത്രമായിരുന്നു കവിതയില്‍ മുഴുവന്‍.
അതില്‍ ജീവിതത്തിന്റെയും അനുഭവങ്ങളുടെയും, യാഥാര്‍ത്യങ്ങളുടെയും ചോരത്തുടിപ്പുകള്‍ ഉണ്ടായിരുന്നു.
എന്നിട്ടും,
നിനക്ക് നീട്ടിയ കവിതാശകലങ്ങള്‍
നീ ആര്‍ത്തിയോടെ നൊട്ടിനുണഞ്ഞു.
ഒരുമാത്ര,
കവിതയ്ക്ക് ചോരയും ജീവനുമില്ലെന്ന് മൊഴിഞ്ഞ്‌
ആ കവിത എന്‍റെ മുഖത്തേക്ക് എറിഞ്ഞപ്പോള്‍
വിളറിയ താളുകളില്‍ ഞാന്‍ കശാപ്പുചെയ്യപ്പെട്ടതും,
നിന്‍റെ മുഖം ചുവന്നുതുടുത്തതും ഞാന്‍ കണ്ടു.
അപ്പോഴും,
നിന്‍റെ ദ്രംഷ്ടയില്‍ പറ്റിപ്പിടിച്ച രക്തക്കറകളും,
നിന്‍റെ ചുണ്ടില്‍നിന്നും ഊറിവന്ന ചോരത്തുള്ളികളും,
എന്നെ കടിച്ചുകീറികൊന്നതിന്‍റെ അവസാന അടയാളമായിരുന്നെന്ന്‍ ഞാന്‍ പോലും അറിഞ്ഞില്ല.
പാവം.....നിഷ്കളങ്കന്‍......

നിശ്ശബ്ദത




നിശ്ശബ്ദമായിരുന്നു പകലുകള്‍, രാത്രിയോളം തന്നെ.
എന്‍റെ ചോദ്യത്തിനു നീ തന്ന ഉത്തരവും
നിശ്ശബ്ദത തന്നെയായിരുന്നു.
ഒടുവില്‍ ആ നിശ്ശബ്ദതയിലേക്ക് ആണ്ടുറങ്ങിയപ്പോയാണ് ഞാന്‍ മനസ്സിലാക്കിയത്,
നിന്‍റെ പുഞ്ചിരി എന്നെ നിശ്ശബ്ദമായി കരയിപ്പിക്കുകയാണെന്ന്,
നിന്‍റെ ഉള്ളംകയ്യിലെ നേര്‍ത്തചൂട് എന്നെ നിശ്ശബ്ദമായി മരവിപ്പിക്കുകയാണെന്ന്,
നിന്‍റെ ജീവിതം തന്നെ എന്നെ നിശ്ശബ്ദമായ മരണത്തിലേക്ക് എന്നെ കാര്‍ന്നുതിന്നുകയാണെന്ന്,
അപ്പോള്‍,
നിനക്കുവേണ്ടി നിശ്ശബ്ദമായി കരയുകയായിരുന്നു,
ഹൃദയം നിശ്ശബ്ദമായി മിടിക്കുകയായിരുന്നു...
അപ്പോഴും,
എന്‍റെ നിശ്ശബ്ദമായ തേങ്ങലുകളും, ഹൃദയമിടിപ്പുകളും പകലിന്‍റെ ആ നിശ്ശബ്ദതയെ പുണര്‍ന്നു പുല്‍കുന്നുണ്ടായിരുന്നു.
പുറത്ത്, നീ വരുന്നതും കാത്ത് വേദനയുടെ കാര്‍മേഘങ്ങള്‍ നിശ്ശബ്ദമായി പെയ്യാന്‍ വെമ്പുന്നുണ്ടായിരുന്നു...

ഹൃദയ ഗീതം



ന്‍ ഹൃദയരക്തത്തില്‍ മുക്കിയ പന്തങ്ങളാല്‍
നീയെന്‍ ചിതയ്ക്ക് തിരികൊളുത്തുക,
വേദനതന്‍ ചന്ദനമുട്ടികള്‍ എരിയട്ടെ...
കണ്ണീരും രക്തവും കലര്‍ന്ന കാലത്തിന്‍റെ തീര്‍ത്ഥം
എന്‍റെ ഉദകക്രിയ ചെയ്യട്ടെ...
ഒരിക്കലും വാടാത്ത പൂക്കളാല്‍ ഇന്നലെകള്‍
എനിക്ക് റീത്തുകള്‍ തീര്‍കട്ടെ...
എന്‍റെ കടും ചോര വാറ്റി
ഞാന്‍ നിനക്കായ്‌ കരുതിയ ബീജങ്ങള്‍ മരിച്ചുപോയതും,
പ്രണയത്തിന്‍റെ പനിനീര്‍ പുഷ്പങ്ങള്‍
നിന്‍ അന്ധതയ്ക് കണ്ണും ബധിരതയ്ക്ക് കാതും നല്‍കി
പെയ്തുതോര്‍ന്നതും കാണാതെ നീ,
പൊടിഞ്ഞുപോയോരെന്‍ അസ്ഥികള്‍കിടയില്‍ വേവാതെ കിടക്കുന്ന എന്‍റെ ഹൃദയമെടുത്ത്
നിന്‍റെ കണ്ണീരില്‍ നിമജ്ജനം ചെയ്യുക.
നിന്‍റെ ഉമിനീരാല്‍ ചുണ്ട് നനക്കാന്‍ പുനര്‍ജനിച്ചില്ലെങ്കിലും എനിക്ക് ശാന്തി ലഭിക്കട്ടെ,
ആത്മശാന്തി...